2012, മേയ് 26, ശനിയാഴ്‌ച


മഴ വരുന്നു......രോഗങ്ങളും

'മഴ മഴ കുട കുട, മഴ വന്നാല്‍ പകര്‍ച്ചവ്യാധി' കേരളത്തിന്റെ ഇപ്പോഴത്തെ പരസ്യവാചകമാണിത്‌. പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഈ രോഗങ്ങള്‍ പണ്ടു മുതലേ ഉള്ളതാണ്‌. എന്നാല്‍, കാലവും ലോകവും ഏറെ പുരോഗമിക്കുകയും വൈദ്യശാസ്‌ത്ര സംവിധാനങ്ങള്‍ അതിശയകരമാംവിധം മെച്ചപ്പെടുകയും ചെയ്‌തിട്ടും ഈ പകര്‍ച്ചവ്യാധികള്‍ ഇവിടെനിന്നും ഒഴിഞ്ഞുപോകുന്നില്ല. എന്നു മാത്രമല്ല ഓരോ വര്‍ഷവും പുതിയ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ജലദോഷപ്പനി

ജലദോഷപ്പനിക്കു കാരണം വൈറസുകളാണ്‌. പ്രധാനമായും റൈനോ വൈറസുകളാണ്‌ ഇവയുണ്ടാക്കുന്നത്‌. രോഗബാധിതനായ വ്യക്‌തിയുമായി അടുത്ത്‌ ഇടപഴകുന്നതിലൂടെ നേരിട്ടോ വായുവിലൂടെയോ വൈറസുകള്‍ മറ്റൊരാളിലേക്കു പകരാം. സ്‌പര്‍ശനത്തിലൂടെയും അടുത്ത്‌ സഹവാസിക്കുന്നതിലൂടെയും രോഗം പെട്ടെന്നു പകരും.

കൂടാതെ രോഗികള്‍ ഉപയോഗിക്കുന്ന കര്‍ച്ചീഫിലും മറ്റു വസ്‌തുക്കളിലും മണിക്കൂറുകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാം. ഇവ കൈകാര്യം ചെയ്യുന്ന വ്യക്‌തികള്‍ക്കും രോഗം പെട്ടെന്ന്‌ പിടിപെടാം. ജലദോഷപ്പനിയെ പേടിയോടെ നോക്കിക്കാണേണ്ടതില്ല. സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്ത ജലദോഷപ്പനിക്കു പ്രത്യേകിച്ച്‌ മരുന്നുകള്‍ ആവശ്യമില്ല. വിശ്രമം മാത്രം നല്‍കിയാല്‍ മതിയാകും. മൂക്കൊലിപ്പും മറ്റ്‌ അസ്വസ്‌ഥതകളും കുറയ്‌ക്കാനും പനിയും തലവേദനയും മാറാനും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാവുന്നതാണ്‌. കൈകള്‍ വൃത്തിയായി കഴുകുന്നതും വ്യക്‌തി ശുചിത്വം പാലിക്കുന്നതും രോഗം വരുന്നത്‌ തടയാന്‍ സഹായിക്കും.

ടൈഫോയിഡ്‌

നീണ്ടുനില്‍ക്കുന്ന പനിയുടെ പ്രധാന കാരണമാണ്‌ ടൈഫോയിഡ്‌. ചെള്ളുകള്‍ പരത്തുന്ന ടൈഫസ്‌ പനിയുടെ ലക്ഷണങ്ങളുമായി സമാനതകള്‍ ഉള്ളതുകൊണ്ടാണ്‌ ടൈഫോഡിന്‌ ഈ പേരുവന്നത്‌. പുരുഷന്മാരിലാണ്‌ സ്‌ത്രീകളെ അപേക്ഷിച്ച്‌ രോഗസാധ്യത കൂടുതലെങ്കിലും രോഗാണുവാഹകര്‍ കൂടുതലും സ്‌ത്രീകളാണ്‌. മഴക്കാലത്താണ്‌ രോഗം ഏറ്റവും കൂടുതല്‍ വ്യാപകമാകുന്നത്‌. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ഈച്ചകളുടെ പെരുപ്പവും രോഗവ്യാപനത്തിന്‌ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. മനുഷ്യശരീരത്തിനു വെളിയില്‍ വെള്ളത്തിലും ഭക്ഷണ പദാര്‍ഥത്തിലും ഐസിലും രോഗാണുക്കള്‍ സജീവമായി നിലനിന്നേക്കാം. തണുത്ത ആഹാര സാധനങ്ങളില്‍ മാസങ്ങളോളം രോഗാണുക്കള്‍ നിലനില്‍ക്കാറുണ്ട്‌. പൊതുസ്‌ഥലങ്ങളിലെ മലമൂത്രവിസര്‍ജനവും കുടിവെള്ളം മലിനമാകുന്നതും രോഗവ്യാപനത്തിന്‌ അനുകൂലമായ ഘടകങ്ങളാണ്‌.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ 10 മുതല്‍ 14 ദിസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്‌മ എന്നിവയാണ്‌ പ്രാരംഭ രോഗലക്ഷണങ്ങള്‍. ശരീര താപനില സ്‌ഥിരമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കുളിരും വിറയലും അനുഭവപ്പെടാറില്ല. വയറിന്‌ അസ്വാസ്‌ഥ്യവും വയറ്റുവേദനയും മലബന്ധവും ഉണ്ടായേക്കാം. നെഞ്ചിലേയും വയറ്റിലേയും ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. പനി മൂര്‍ച്‌ഛിച്ചാല്‍ രോഗി അബോധാവസ്‌ഥയിലെന്നപോലെ പെരുമാറുന്നതും സാധാരണയാണ്‌. കൂടാതെ കുടലിലെ രക്‌തസ്രാവത്തെത്തുടര്‍ന്ന്‌ രക്‌തസമ്മര്‍ദം അമിതമായി താഴുന്നത്‌ രോഗി അവശനിലയിലാകുന്നു. രോഗം ബാധിച്ചവരില്‍ 10 മുതല്‍ 20 ശതമാനം വരെ ആള്‍ക്കാരില്‍ രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യതയുണ്ട്‌. മരുന്നുകള്‍ കൃത്യമായ അളവില്‍ നിശ്‌ചിതകാലത്തേക്ക്‌ ഉപയോഗിക്കാത്തവരിലാണ്‌ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്‌.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ്‌ എ വൈറസുകളാണ്‌ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാന്‍ കാരണം. ഏതു പ്രായത്തിലുള്ളവരെയും ഹെപ്പറ്റൈറ്റിസ്‌ എ മഞ്ഞപ്പിത്തം ബാധിക്കാമെങ്കിലും കുട്ടികളിലാണു കൂടുതല്‍ രോഗസാധ്യത. പകര്‍ച്ചവ്യാധിയായ മഞ്ഞപ്പിത്തം വര്‍ഷത്തിലെല്ലാക്കാലവും പടര്‍ന്നുപിടിക്കാമെങ്കിലും മഴക്കാലത്താണു രോഗം കൂടുതലായി വ്യാപകമാവുന്നത്‌.

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൃത്തിഹീനമായ വീടും പരിസരവും രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മഴക്കാലത്ത്‌ കരകവിഞ്ഞൊഴുകുന്ന തോടുകളും കായലും കുടിവെള്ള സ്രോതസുകളായ കിണറ്റിലേയും കുളത്തിലേയും വെള്ളവുമായി കലര്‍ന്ന്‌ കുടിവെള്ളം മലിനമാകുന്നതാണ്‌ ഒരു മഴക്കാലരോഗമായി മഞ്ഞപ്പിത്തം വ്യാപകമാകുന്നത്‌. രോഗിയുടെ മലത്തിലൂടെയും രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ 15 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ക്ഷീണം, തളര്‍ച്ച, ഓക്കാനം, ഛര്‍ദില്‍, നേരിയ പനി ഇവയാണ്‌ സാധാരണ പ്രാരംഭലക്ഷണങ്ങള്‍. വിശപ്പില്ലായ്‌മയും ഭക്ഷണത്തോടുള്ള അരുചിയും രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്‌. മാത്രവുമല്ല, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം കാണാം. രോഗിയുടെ രക്‌തവും മൂത്രവും പരിശോധിച്ച്‌ രോഗനിര്‍ണയം നടത്താവുന്നതാണ്‌. രോഗി പരിപൂര്‍ണ വിശ്രമം എടുക്കുന്നത്‌ രോഗം സുഗമാക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളുമടങ്ങിയ പോഷകസമ്പുഷ്‌ടമായ ഭക്ഷണം കഴിക്കാവുന്നതാണ്‌. രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ കൊഴുപ്പുകലര്‍ന്ന ഭക്ഷണം കുറയ്‌ക്കുന്നത്‌ ഓക്കാനവും ഛര്‍ദിയും ഉണ്ടാവാതിരിക്കാന്‍ സഹായകമാണ്‌. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.

എലിപ്പനി

ശരീരത്തിലെ കരള്‍, വൃക്കകള്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ പ്രവര്‍ത്തന സ്‌തംഭനമുണ്ടാക്കുന്ന എലിപ്പനി പലപ്പോഴും അകാല മരണങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ലപ്‌റ്റോസ്‌പൈറാ എന്ന സ്‌പൈറോകീറ്റുകളാണ്‌ രോഗമുണ്ടാക്കുന്ന സൂക്ഷ്‌മജീവികള്‍. എലികള്‍ക്കു പുറമേ പട്ടികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, മറ്റു വന്യമൃഗങ്ങളും രോഗാണുവാഹകരാകാം. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലവണാംശം കുറഞ്ഞ വെള്ളത്തിലും മലിനജലം നിറഞ്ഞ വെള്ളക്കെട്ടുകളിലും ദീര്‍ഘനാള്‍ സജീവമായി നിലനില്‍ക്കാം. രോഗാണുവിന്റെ ഈ പ്രത്യേക സ്വഭാവം കാരണം മഴക്കാലത്ത്‌ രോഗം പകര്‍ന്നു പിടിക്കുന്നു. വെള്ളത്തില്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്ന കര്‍ഷകര്‍, മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരില്‍ രോഗബാധിതയ്‌ക്കുള്ള സാധ്യതയേറെയാണ്‌.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ ഒന്നു മുതല്‍ രണ്ടാഴ്‌ചകള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. ശക്‌തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദില്‍, പേശിവേദനകള്‍ തുടങ്ങിയവയാണ്‌ പ്രാരംഭലക്ഷണങ്ങള്‍. കാലുകളുടേയും വയറിന്റേയും പേശികളെ ബാധിക്കുന്ന അതിശക്‌തമായ വേദന രോഗത്തിന്റെ പ്രധാന ലക്ഷണമാണ്‌. ചര്‍മത്തിനു ചുവന്നു തടിച്ച പാടുകളുമുണ്ടായേക്കാം. രക്‌തപരിശോധനയിലൂടെയാണ്‌ രോഗനിര്‍ണയം നടത്തുന്നത്‌. കൂടാതെ രോഗിയുടെ രക്‌തത്തില്‍നിന്നും മലത്തില്‍നിന്നും കള്‍ച്ചര്‍ പരിശോധനവഴി രോഗാണുക്കളെ വേര്‍തിരിച്ചെടുക്കാവുന്നതാണ്‌. രോഗത്തിനെതിരായി ഫലപ്രദമായ മരുന്നുകള്‍ നിലവിലുണ്ട്‌. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നുകള്‍ കഴിച്ചാല്‍ രോഗം പൂര്‍ണമായി മാറ്റാവുന്നതാണ്‌.

ഡെങ്കിപ്പനി

മാരകമായ ഒരു കൊതുകുജന്യ പകര്‍ച്ചപ്പനിയാണിത്‌. പനിയോടൊപ്പമുണ്ടാകുന്ന രക്‌തപ്രവാഹം രോഗികളെ, പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്‌ഥയിലെത്തിക്കുന്നു. ഫ്‌ളേവി വൈറസുകളാണ്‌ ഡെങ്കിപ്പനിക്കു കാരണം. നാലുതരം ഡെങ്കി വൈറസുകളെയാണു തിരിച്ചറിഞ്ഞിരിക്കുന്നത്‌. ഈഡിസ്‌ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. രോഗാണുബാധിതനായ വ്യക്‌തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസത്തിനുശേഷം മറ്റുള്ളവരിലേക്ക്‌ രോഗം പരത്തുന്നതിനുള്ള കഴിവു നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായി മാറിയ കൊതുകുകള്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ മറ്റുള്ളവരിലേക്കു രോഗം നേരിട്ട്‌ പരത്തുന്നു.

രോഗകാരികളായ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ അഞ്ചു മുതല്‍ ആറു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഡെങ്കിപ്പനി ബാധിച്ച വ്യക്‌തിയില്‍ ചില പ്രത്യേക രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌ അപകടസൂചനയായാണു കണക്കാക്കുന്നത്‌.

ചര്‍മത്തിലെ രക്‌തസ്രാവത്തെത്തുടര്‍ന്ന്‌ തൊലിപ്പുറത്തു കാണുന്ന പാടുകള്‍, മൂക്കില്‍നിന്നും മോണയില്‍നിന്നുമുള്ള രക്‌തസ്രാവം, വയറുവേദന, വയറിളകി മലം കറുത്തനിറത്തില്‍ പോകുക, രോഗി ഭക്ഷണവും വെള്ളവും കഴിക്കുവാന്‍ മടികാണിക്കുക, രോഗിയിലെ സ്വഭാവവ്യതിയാനങ്ങള്‍, ശ്വാസംമുട്ടല്‍, കൈകാലുകള്‍ തണുത്ത്‌ മരവിച്ചിരിക്കുക, മൂത്രത്തിന്റെ അളവ്‌ കുറയുക തുടങ്ങിയവയൊക്കെ രോഗം ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളാണ്‌. രോഗാണുക്കളെ വേര്‍തിരിച്ചെടുക്കുവാനും ആന്റിബോഡികളെ കണ്ടെത്താനുമായി രോഗിയില്‍നിന്ന്‌ രക്‌തസാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനകള്‍ നടത്തുന്നു. വൈറസുകളെ വേര്‍തിരിച്ചെടുക്കുവാനായി രോഗലക്ഷണങ്ങള്‍ പ്രകടമായി അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രക്‌തം ശേഖരിച്ച്‌ പരിശോധന നടത്തണം.

രോഗിക്ക്‌ പരിപൂര്‍ണ വിശ്രമവും ആവശ്യത്തിന്‌ പോഷകാഹാരവും കുടിക്കുവാന്‍ ധാരാളം വെള്ളവും നല്‍കണം. പനിയുടെ ക്ഷീണം കുറയ്‌ക്കുവാനും നിര്‍ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകളകറ്റാനും ഇതുപകരിക്കും. പനി കുറയുവാനായി ദേഹം തണുത്തവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച്‌ തുടച്ചുകൊടുക്കുകയും സുരക്ഷിതമായ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്‌.

ചിക്കുന്‍ഗുനിയ

പൊതുവേ മാരകമല്ലാത്ത ഒരു കൊതുകുജന്യരോഗമാണ്‌ ഇത്‌. പ്രധാനമായും ഈഡിസ്‌ ഈജിപ്‌തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. രോഗബാധിതരായ മനുഷ്യരാണ്‌ രോഗത്തിന്റെ ഉറവിടം. രോഗാണുവാഹകരായ കൊതുകുകളുടെ കടിയേല്‍ക്കുമ്പോള്‍ രോഗാണുക്കള്‍ പുതിയ വ്യക്‌തികളിലേക്ക്‌ എത്തിച്ചേരുന്നു. ഈ രോഗം ബാധിച്ച ഒരാളില്‍നിന്ന്‌ നേരിട്ട്‌ മറ്റൊരാളിലേക്ക്‌ രോഗം പകരുകയില്ല.

സാധാരണ വൈറല്‍പനിയുമായി സാമ്യമുള്ളതാണ്‌ ചിക്കുന്‍ഗുനിയയുടെ പ്രാരംഭലക്ഷണങ്ങള്‍. ചിക്കുന്‍ഗുനിയ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശക്‌തമായ പനി, അസഹനീയമായ സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാവുന്ന ചുവന്ന തടിച്ച പാടുകള്‍ തുടങ്ങിയവയാണ്‌ രോഗത്തിന്റെ സുപ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഒന്നു മുതല്‍ ഏഴു ദിവസങ്ങള്‍വരെ നീണ്ടു നില്‍ക്കാം. ഇതോടൊപ്പം തലവേദന, ഛര്‍ദി, വിറയല്‍ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളുമുണ്ടാകാം. ശരീരത്തിലെ വിവിധ സന്ധികളെ ബാധിക്കുന്ന സന്ധിവേദനകളും നീര്‍ക്കെട്ടും രോഗത്തിന്റെ പ്രധന പ്രത്യേകതയാണ്‌. സങ്കീര്‍ണമായ രക്‌തപരിശോധനകളിലൂടെ മാത്രമേ രോഗനിര്‍ണയം നടത്തുവാനാകൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വ്യക്‌തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുക.

മലിനജലം കുടിവെള്ള സ്രോതസുകളില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീടുകളിലെ മാലിന്യങ്ങള്‍ പൊതുവഴിയില്‍ അലക്ഷ്യമായി നിക്ഷേപിക്കാതിരിക്കുക. മാലിന്യം ഉറവിടങ്ങളില്‍തന്നെ സംസ്‌കരിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം.

വീടിനു ചുറ്റും പറമ്പിലും വെള്ളം കെട്ടിനിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. കൂത്താടിയുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും.

കൂത്താടി ഉള്ള വെള്ളത്തില്‍ ഗപ്പിപോലുള്ള മത്സ്യത്തെ വളര്‍ത്തുന്നതും നല്ലതാണ്‌.

മഴക്കാലത്ത്‌ കഴിവതും ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക. ചൂടുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

ധാരാളം വെള്ളം (തിളപ്പിച്ചാറിയ) കുടിക്കാന്‍ ശ്രദ്ധിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ