2012, മേയ് 27, ഞായറാഴ്‌ച

ഭക്ഷണത്തിലെ മായം തിരിച്ചറിയാം


നാം കഴിക്കുന്ന പല ആഹാരത്തിലും മായം കലര്‍ന്നിരിക്കാം. മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത്‌ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ പലതും മായം ചേര്‍ത്താണ്‌ നമ്മുടെ അരികിലെത്തുന്നത്‌. അത്‌ പലപ്പോഴും തിരിച്ചറിയപ്പെടാറില്ലെന്നു മാത്രം. ഇത്‌ മായലോകത്തിന്റെ കാലമാണ്‌. കുടിക്കുന്ന വെള്ളത്തെപ്പോലും വിശ്വസിക്കാനാവാത്ത അവസ്‌ഥ. ഈ മറിമായങ്ങളുടെ പരീക്ഷണപ്പുരയാകേണ്ടി വരുന്നത്‌ മിക്കവാറും നമ്മുടെ അടുക്കളകള്‍ തന്നെ. ബലിയാടാവുന്നതോ മനുഷ്യന്റെ ആരോഗ്യവും. ഒരല്‍പ്പം കരുതലുണ്ടെങ്കില്‍ ഇത്തരം വ്യാജന്റെ ആക്രമണങ്ങളില്‍ നിന്നും പരിക്കില്ലാതെ രക്ഷപ്പെടാവുന്നതാണ്‌.

അരിയുടെ തനിനിറം കുത്തരിയുടെ ഇഷ്‌ടക്കാരാണ്‌ മലയാളികളിലേറെയും. അതുകൊണ്ട്‌ തന്നെ ഇവയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തട്ടിപ്പുവീരന്മാര്‍ക്ക്‌ കൂടുതല്‍ താല്‌പര്യമുണ്ട്‌. സാധാരണ അരിയില്‍ ഇക്കൂട്ടര്‍ 'കാവി' ചേര്‍ത്ത്‌ കുത്തരിയാക്കുന്നു. നിറം കൂട്ടാന്‍ റെഡ്‌ഓക്‌സൈഡും ചേര്‍ക്കാറുണ്ട്‌. ഇവ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്‌. അരി കഴുകുമ്പോള്‍ പാത്രത്തിന്റെ വക്കിലും മറ്റും നിറം പറ്റിപ്പിടിക്കുന്നുണ്ടെങ്കില്‍ അത്‌ നിറം ചേര്‍ത്ത അരിയാണെന്ന്‌ ഉറപ്പിക്കാം. പല തവണ കഴുകുമ്പോള്‍ ചുവപ്പു നിറം പോയി അരിയുടെ തനി നിറം തെളിയുന്നതായി കാണാം. ഇത്തരത്തിലുള്ള വ്യത്യാസമുണ്ടാകാനായി അരിയുടെ നിറത്തിനിണങ്ങുന്ന വെള്ളക്കല്ലുകള്‍, ചുവന്നകല്ലുകള്‍ എന്നിവ ചേര്‍ക്കുന്ന പ്രവണത കണ്ടുവരാറുണ്ട്‌. വാങ്ങുന്നതിനുമുമ്പ്‌ അരി കൈവെള്ളയില്‍ വാരിനോക്കുന്നത്‌ ഇവ തിരിച്ചറിയാന്‍ സഹായിക്കും.

പൊടിയിലെ പൊടിക്കൈകള്‍

കറികള്‍ക്കുപയോഗിക്കുന്ന പൊടികളില്‍ കാഴ്‌ചയില്‍ നല്ല ചുവന്ന മുളകുപൊടി. പക്ഷേ കറിയിലിട്ടാലോ എരിവ്‌ വിചാരിച്ചത്ര കൂടുന്നുമില്ല. 'സുഡാന്‍' എന്ന കളറാണ്‌ ഇവിടെ പ്രശ്‌നക്കാരന്‍. സാധാരണയായി ചാക്കുനൂലുകളില്‍ ചേര്‍ക്കുന്ന ഈ നിറമാണ്‌ മുളകുപൊടിയില്‍ ചേര്‍ക്കുന്നത്‌. ഇവ ഒരളവില്‍ കൂടുതലായാല്‍ ക്രമേണ വയറ്റില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

മഞ്ഞള്‍പ്പൊടിയിലുമുണ്ട്‌ മായം ചേര്‍ക്കല്‍. നിറം കിട്ടാന്‍ ചിലര്‍ ലെഡ്‌ ക്രോമൈറ്റ്‌ ചേര്‍ത്തു വില്‌പന നടത്തുന്നു. മറ്റു ചില തട്ടിപ്പുകാരാകട്ടെ മഞ്ഞക്കൂവ ഉണക്കിപ്പൊടിച്ച്‌ ഇതില്‍ ചേര്‍ത്ത്‌ ആളുകളെ വിദഗ്‌ദ്ധമായി പറ്റിക്കുന്നു.

തേയിലയിലും കാണാം ഇത്തരം തട്ടിപ്പുകള്‍. നല്ല തേയിലയില്‍ ഉണക്കിയ തേയിലച്ചണ്ടി ചേര്‍ത്ത്‌ വിപണിയിലെത്താറുണ്ട്‌. ബ്രൗണ്‍ കളറും തേയിലയില്‍ കൂടുതലായി ചേര്‍ത്തു വരുന്നു. ഇവ ഒരല്‌പം ഇട്ടാല്‍ മതി നല്ല കടുപ്പമുള്ള കിടിലന്‍ ചായ റെഡി. ഇതിനു പിന്നിലെ വാസ്‌തവം ആരും അറിയുന്നില്ലെന്നു മാത്രം. മുകളില്‍ പറഞ്ഞ മായങ്ങള്‍ പെട്ടെന്നു കണ്ടുപിടിക്കാനാവില്ല. സംശയം തോന്നിയാല്‍ മൈക്രോസ്‌കോപിക്‌ പരിശോധന നടത്തേണ്ടി വരും.

പരിപ്പുകളിലെ വില്ലന്‍

പരിപ്പുവര്‍ഗങ്ങളിലെ വ്യാജനെ പെട്ടെന്നു തിരിച്ചറിയാനാവില്ല. തുവരപ്പരിപ്പ്‌, കടലപ്പരിപ്പ്‌ തുടങ്ങിയവയില്‍ കേസരി പരിപ്പു ചേര്‍ത്ത്‌ വില്‌പന നടത്താറുണ്ട്‌. ഇവ വിപണിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നു മാത്രമല്ല മുട്ടുവാതം, തളര്‍വാതം തുടങ്ങിയ രോഗങ്ങള്‍ക്കും ഒരു പരിതി വരെ കാരണമാകുന്നു.

ഇവ തിരിച്ചറിയാനുള്ള വഴിയിതാണ്‌. മൂന്നുവശവും ഒട്ടിച്ചതുപോലെയാണ്‌ കേസരിപ്പരിപ്പു കാണപ്പെടുന്നത്‌. ശരിക്കുപറഞ്ഞാല്‍ ഒരു കോടാലിയുടെ മുഖത്തിന്റെ ആകൃതി.

ഉഴുന്നു പരിപ്പുകള്‍ക്ക്‌ ചിലപ്പോള്‍ നല്ല തിളക്കം കാണും. പഴയവ പുതിയതായി തോന്നിക്കാന്‍ മഗ്‌നേഷ്യം സിലിക്കേറ്റു പൂശുന്നതാണിത്‌. ചെറുപയര്‍ പരിപ്പിനും തിളക്കം കൂട്ടാന്‍ കളര്‍ ചേര്‍ക്കാറുണ്ട്‌. യഥാര്‍ത്ഥ ചെറുപയറിന്‌ തിളക്കം കുറവായിരിക്കുമെന്ന്‌ ആരു ശ്രദ്ധിക്കുന്നു.

നെയ്യിലെ മായം

ശുദ്ധമായ നെയ്യ്‌ എന്ന പേരില്‍ പലപ്പോഴും വിപണികളില്‍ കിട്ടുന്നത്‌ വെജിറ്റബിള്‍ ഓയിലോ വനസ്‌പതിയോ ചേര്‍ത്തവയാണ്‌. ശുദ്ധനെയ്യില്‍ കട്ടകള്‍ വളരെ കുറവായിരിക്കും. വനസ്‌പതി ചേര്‍ത്തതില്‍ കട്ടകള്‍ കൂടുതല്‍ വലുപ്പത്തില്‍ കാണപ്പെടുന്നു.

വെള്ളനിറത്തിലുള്ള നെയ്യ്‌ മായം കലര്‍ന്നതാണ്‌. ഒരു മഞ്ഞളിച്ച നിറമായിരിക്കും യഥാര്‍ത്ഥ നെയ്‌ക്കുള്ളത്‌.

വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മായം മിനറല്‍ ഓയിലാണ്‌. ഇത്‌ സാധാരണ വിളക്കെണ്ണയായാണ്‌ ഉപയോഗിക്കുന്നത്‌. വെളിച്ചെണ്ണ പാചകത്തിനുപയോഗിക്കുമ്പോള്‍ പതഞ്ഞു വന്നാല്‍ അവയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന്‌ ഉറപ്പിക്കാം.

പരാതികള്‍ നല്‍കാം

നമ്മള്‍ പണം കൊടുത്തു വാങ്ങിയ നിത്യോപയോഗ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതാതു ജില്ലാ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍ക്കു പരാതി നല്‍കാവുന്നതാണ്‌. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ലഭിച്ചാലും പരാതിപ്പെടാം.

വാങ്ങിയ സാധനം, കട, അവയില്‍ കണ്ട കുഴപ്പം, വാങ്ങിയ തീയതി, ബില്ല്‌, തുടങ്ങിയ വിശദാംശങ്ങളോടെ വേണം പരാതി നല്‍കാന്‍. കഴിയുമെങ്കില്‍ സാമ്പിള്‍ കൂടി അയയ്‌ക്കുക.

വില്‌പനയ്‌ക്കുവച്ചിരിക്കുന്ന പാക്കറ്റുകളില്‍ മാനുഫാക്‌ചറിംഗ്‌ അഡ്രസ്‌, പാക്കിംഗ്‌ ഡേറ്റ്‌, ബെസ്‌റ്റ് ബിഫോര്‍ ഡേറ്റ്‌ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു നിയമമുണ്ട്‌. ഇപ്രകാരം കാണുന്നില്ലെങ്കിലും പരാതി നല്‍കാം.

മായം കലര്‍ന്ന ആഹാരസാധനങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി ആയുസുള്ളിടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ഒരല്‌പം കരുതല്‍ നമ്മുക്ക്‌ നല്‍കാം.

കടുകിലും വ്യാജന്‍

നമ്മള്‍ വളരെ നിസാരമായി കാണുന്ന കടുകില്‍പ്പോലുമുണ്ട്‌ ഈ വ്യാജന്റെ വിളയാട്ടം. വലുപ്പത്തിലും രൂപത്തിലും കടുകിനോടു സാദൃശ്യമുള്ള 'ആര്‍ജിമോണാണ്‌' ഇതില്‍ ചേര്‍ക്കുന്നത്‌. ശ്രദ്ധിച്ചു നോക്കിയാല്‍ ഇവ തിരിച്ചറിയാനാവും. മുകളില്‍ നിന്നും താഴേക്ക്‌ ചെറിയവരകള്‍ ഇതിലുണ്ടാകും.

വിപണിയിലെ കുരുമുളകിലുമുണ്ട്‌ ഈ മായം ചേര്‍ക്കല്‍. പഴുത്ത പപ്പായയുടെ കുരു ഉണക്കിയാണ്‌ ഇവിടെ കുരുമുളകിനൊപ്പം ചേര്‍ക്കുന്നത്‌. സംശയം തോന്നിയാല്‍ ഇവ പരിശോധിച്ചറിയാം. കുരുമുളകിനു നല്ല കട്ടിയുണ്ടാകും. പപ്പായക്കുരുവിനു കനം കുറവാണെന്നു മാത്രമല്ല ഉള്ളും പൊള്ളയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ