2012, മേയ് 5, ശനിയാഴ്‌ച

പാല്‍ എന്ത് എന്തല്ല


പാല്‍ പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്യും.



ദിവസവും ഓരോ ഗാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍.

പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.

23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധേയമാക്കി.

ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.

പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.

എട്ടു പരീക്ഷകളിലും കൂടുതല്‍ സ്കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.

ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.

പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.

ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലച്ചോറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.

മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.

 കൊഴുപ്പു നീക്കിയ പാല്‍ ആരോഗ്യകരമോ?

കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ് പാല്‍. മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഭക്ഷണം തന്നെ. കൊഴുപ്പിനെ ഭയന്ന് ഇഷ്ടമാണെങ്കിലും പാല്‍ കുടിക്കാത്തവരുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന കൊഴുപ്പു നീക്കിയ പാല്‍ (സ്‌കിമ്ഡ് മില്‍ക്). എന്നാല്‍ കൊഴുപ്പു നീക്കിയ പാലില്‍ സാധാരണ പാലിലുള്ള എല്ലാ പോഷകങ്ങളുമില്ലെന്നതാണ് വാസ്തവം.


സാധാരണ പാലിലെ കൊഴുപ്പില്‍ വൈററമിന്‍ എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. കൊഴപ്പു കളഞ്ഞ പാലിന് ഈ ഗുണമില്ല.
കൊഴുപ്പില്ലാത്ത പാല്‍ പാസ്ച്വറൈസേഷന്‍ വഴിയാണ് തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ പാലിലുള്ള പ്രധാനപ്പെട്ട പല എന്‍സൈമുകളും നശിക്കുന്നു. അതുകൊണ്ട് സാധാരണ പാല്‍ കുടിക്കുന്നതാണ് നല്ലത്.
കൊഴുപ്പു നീക്കുമ്പോള്‍ പാലിന്റെ കട്ടി വളരെ കുറയുന്നു. പാലിന് കട്ടി കൂട്ടാനായി ഡ്രൈ മില്‍ക് പ്രോട്ടീന്‍ ചേര്‍ക്കുന്നു. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.
കൊഴുപ്പു കുറഞ്ഞ പാലിന് ഗുണം കൂടുതലാണെന്ന അവകാശവാദം തെറ്റാണ്. ഇവയില്‍ കൃത്രിമമായ ചേര്‍ക്കുന്ന പ്രോട്ടീനുകള്‍ക്ക് തനതായ ഗുണം കുറവാണ്.
കൊഴുപ്പു കുറഞ്ഞ പാലും സാധാരണ പാലും തുല്യഅളവിലെടുത്ത് കുടിച്ചാല്‍ കൊഴുപ്പു കൂടുകയുമില്ലാ, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും.

 പാല്‍ മുഖക്കുരുവുണ്ടാക്കും


പാല് സമീകൃതാഹാരമാണ്, ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നൊക്കെയല്ലേ ഇതുവരെ കേട്ടിട്ടുള്ളൂ. ആരോഗ്യത്തിന് ചില ദോഷങ്ങളും പാല്‍ ചെയ്യും. ഇവയെന്തൊക്കെയെന്നറിയൂ,
പാല്‍ ആസിഡ് റിഫഌക്‌സ് എന്നൊരു പ്രശ്‌നമുണ്ടാക്കുമെന്നതാണ് ഒരു പ്രധാന കാര്യം. പ്രത്യേകിച്ച് വെറുംവയറ്റില്‍ പാല്‍ കുടിച്ചാല്‍. ഇത് വയറ്റിലെ മസിലുകളെ ക്ഷീണിപ്പിക്കുകയും അതേ സമയം അസിഡിറ്റി കൂട്ടുകയും ചെയ്യും.
ഈസോഫാഗസില്‍ ഈസോഫാഗല്‍ സ്പിന്‍സ്റ്റര്‍ എന്നൊരു ഭാഗമുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വികസിക്കുകയും അല്ലാത്തപ്പോള്‍ ചുരുങ്ങുകയുമാണ് ഇത് ചെയ്യുന്നത്. വെറും വയറ്റില്‍ പാല്‍ കുടിയ്ക്കുമ്പോള്‍ ഈ ഭാഗം അയയുന്നു. ഇത് ഗ്യാസുണ്ടാക്കാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്യും.
എന്നാല്‍ അത്താഴത്തിന് ശേഷം പാല്‍ കുടിയ്ക്കുന്നത് വയറിന് സുഖം നല്‍കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
പാല്‍ അസിഡിറ്റിയുമുണ്ടാക്കുന്നു. പാലിന്റെ അസിഡിക് സ്വഭാവവും ഇതിലെ സാച്വറേറ്റഡ് ഫാറ്റുകളുമാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇത്തരം അസിഡിറ്റി ചിലര്‍ക്ക് ഛര്‍ദിക്കാനുള്ള തോന്നലും തലവേദനയുമുണ്ടാക്കും. വെറുംവയറ്റില്‍ പാല്‍ കുടിയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിവതും വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാതിരിക്കുക.
ദഹനേന്ദ്രിയത്തിന്റെ ശക്തി കുറഞ്ഞവര്‍ക്ക് പാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല്‍ നല്ലപോലെ ദഹിയ്ക്കാന്‍ ഇത് പ്രയാസമുണ്ടാക്കുകയും ഇത് കുടലിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ മലബന്ധമുണ്ടാവുന്നു.
മുഖക്കുരുവുണ്ടാകാന്‍ പാല്‍ വഴി വയ്ക്കുന്നുണ്ടെന്നറിയാമോ. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്ക് പാല്‍ വഴി വയ്ക്കുന്നു. പുരുഷനിലും സ്ത്രീയിലുമുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനെ ഡൈടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാക്കി മാറ്റും. ഇത് മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുണ്ടാകാനും പാല്‍ വഴിയൊരുക്കും. ഇതും മുഖക്കുരുവിന് കാരണമാകും.
കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പാല്‍ കാരണമാകുന്നുണ്ട്. ചുമയുള്ള സമയത്ത് പാല്‍ കുടിയ്ക്കുന്നത് കഫമുണ്ടാകാന്‍ കാരണമാകും. ഇത്തരം സമയത്ത് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ