2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കളിച്ചു വളരട്ടെ കുട്ടികള്‍



ഒന്നാന്തരമൊരു പ്രമേഹരോഗി യുടെ രക്തത്തിലെ പഞ്ചസാര യുടെ അളവു ചിലപ്പോഴൊക്കെ കുത്തനെ വര്‍ധിക്കും പോലെയാണ് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അടുത്തകാലത്തു നടത്തിയ പഠനങ്ങളില്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് 6.24 kകോടിയാണ്. 2009 ല്‍ ഇത് 5.08 കോടിയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 1.2 കോടിയുടെ വര്‍ധന! പ്രമേഹത്തിന്റെ മുന്നോടിയായ പ്രീ ഡയബറ്റിസുകാരുടെ എണ്ണം 2011ല്‍ ഏതാണ്ട് 7.72 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.  കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത ഇവരില്‍ നല്ല ഒരു വിഭാഗത്തിനു സമീപഭാവിയില്‍ പ്രമേഹമുണ്ടാകുമെന്നതിനു സംശയവുമില്ലെന്നു വിദഗ്ധര്‍ പറയുന്നു.   


പകര്‍ച്ചവ്യാധിപോലെയാണ് പ്രമേഹം പടര്‍ന്നതെന്നര്‍ഥം.
ഏറ്റവും പേടിപ്പെടുത്തുന്ന വസ്തുത നമ്മുടെ കുട്ടികള്‍ ഇൌ രോഗാവസ്ഥയുടെ ഇരകളാകുന്നു എന്നതാണ്. സാധാരണ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ടൈപ്പ് - 2 പ്രമേഹം ഇപ്പോള്‍ വ്യാപകമായി കുട്ടികളിലും കണ്ടുവരുന്നു എന്നതാണ് ഇൌ രംഗത്തെ വിദഗ്ധരെയും അമ്പരപ്പിക്കുന്നത്. കളിക്കാന്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ കൂട്ടിലടച്ചിട്ടെന്നപോലെ നമ്മള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍, ടിവിക്കും കംപ്യൂട്ടറിനും മുന്‍പിലേക്കു വിട്ടുകൊടുക്കുമ്പോള്‍, തോന്നുംപോലെ ഭക്ഷണം കൊടുക്കുമ്പോള്‍ അവരെ പ്രമേഹമെന്ന അവസ്ഥയിലേക്കു നമ്മള്‍ തള്ളിവിടുകയാണ്.


ടൈപ്പ് - 1 പ്രമേഹം
പൊതുവേ 20 വയസില്‍ താഴെയുള്ള ചെറുപ്പക്കാരെയും കുട്ടികളെയും ബാധിക്കുന്നതാണിത്. അമിതദാഹം, വിശപ്പ്, അമിത അളവില്‍ മൂത്രംപോവുക, ശരീരം മെലിയുക, ക്ഷീണം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ രോഗത്തിന് പാരമ്പര്യ സ്വഭാവമില്ല. ഇവരുടെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ ഗര്‍ഭാവസ്ഥയിലോ, ജനന ശേഷമോ ഉണ്ടാകുന്ന വൈറസ് ബാധമൂലമോ ആഹാരത്തില്‍ കൂടിയോ അല്ലാതെയോ രക്തത്തില്‍ പ്രവേശിക്കുന്ന വിഷാംശങ്ങള്‍ മൂലമോ നശിച്ചുപോകുന്നതാണ് രോഗകാരണം. ഇവര്‍ക്ക് ആജീവനാന്തം ദിവസം പല പ്രാവശ്യം ഇന്‍സുലിന്‍ കുത്തിവയ്ക്കേണ്ടിവരും. ഇന്‍സുലിന്‍ പേന, ഇന്‍സുലിന്‍ പമ്പ്, കൃത്രിമ പാന്‍ക്രിയാസ്, ഐലറ്റ് സെല്‍ ട്രാന്‍സ്പ്ളാന്റേഷന്‍, സ്റ്റെം സെല്‍ തെറാപ്പി, ജീന്‍ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികള്‍ ഭാവിയില്‍ ഇവരുടെ ചികിത്സ കൂടുതല്‍ എളുപ്പമാക്കുവാനും ഒരുപക്ഷെ രോഗം പൂര്‍ണമായി മാറ്റുവാനും സഹായകമായേക്കാം. എന്നാല്‍ ഇവയില്‍ പലതും പ്രായോഗികമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.


ടൈപ്പ് - 2 പ്രമേഹം
ഏതാണ്ട്  30 വയസിനു മുകളിലുള്ളവരെ മാത്രം ബാധിക്കുന്ന അവസ്ഥയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ ഇന്ത്യയിലെ കുട്ടികളില്‍ അമിതവണ്ണവും ടൈപ്പ്- 2 പ്രമേഹവും ഏതാണ്ട് പത്തിരട്ടിയിലധികമായതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ അപര്യാപ്തത, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവയാണ് ഇൌ അവസ്ഥയ്ക്കു കാരണമാവുക.


ടൈപ്പ്- 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ചില കുട്ടികള്‍ തുടക്കത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയും പിന്നീടുള്ളകാലത്ത് അമിതമായ ഭക്ഷണം കഴിക്കുകയും ക്രമേണ അമിതവണ്ണമുള്ളവ രായിത്തീരുകയും ചെയ്യുന്നുവെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം കുട്ടികളില്‍ ടൈപ്പ്- രണ്ട് പ്രമേഹത്തിന്റെ കൂടി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൂടുതല്‍ സങ്കീര്‍ണമായ ഈ അവസ്ഥയെ ഡബിള്‍ ഡയബറ്റിസ് അഥവാ ടൈപ്പ്- 3 പ്രമേഹം എന്നാണ് അറിയപ്പെടുന്നത്.ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം രക്തസമ്മര്‍ദം, ക്യാന്‍സര്‍, സന്ധിവീക്കം, കരള്‍ രോഗങ്ങള്‍, പിത്താശയ രോഗങ്ങള്‍, അമിത കൊളസ്ട്രോള്‍, ഉറക്കത്തില്‍ ശ്വാസതടസം തുടങ്ങി അനേകം രോഗങ്ങളിലേക്കുള്ള വാതിലാണ്, ചെറുപ്രായത്തിലെ അമിതമായ വണ്ണം.


എന്തുകൊണ്ട് പ്രമേഹം?
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് നമ്മുടെ കുട്ടികളില്‍ കാണപ്പെടുന്ന അമിത വണ്ണത്തിനും ടൈപ്പ്- രണ്ട് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും പ്രധാന  കാരണം. വികലമായ ആഹാര ശീലങ്ങള്‍, വ്യായാമം ഇല്ലാത്ത ദിനചര്യ, മാനസിക പിരിമുറുക്കം, ചെറുപ്പത്തിലെ തുടങ്ങുന്ന മദ്യപാനശീലം, കീടനാശിനികളും വിഷാംശങ്ങളും അടങ്ങിയ ആഹാരം എന്നിവയും പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്.


ചില കുട്ടികളില്‍ അമിതവണ്ണമല്ലാതെ മറ്റൊരു പ്രമേഹ ലക്ഷണവും കണ്ടില്ലെന്നു വരാം. തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കും രോഗം കണ്ടുപിടിക്കുന്നത്. എന്നാല്‍ ചില കുട്ടികളില്‍ അമിതമായ ക്ഷീണം, കൂടുതല്‍ ദാഹം, മൂത്രംപോകല്‍, വായിലും ചുണ്ടിലും വരള്‍ച്ച എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. പഠനത്തില്‍ പിന്നാക്കം പോവുക, കാഴ്ച വൈകല്യങ്ങള്‍, കണ്‍കുരു, ദേഹത്തു ചൊറിച്ചില്‍, പരുക്കള്‍, കൈകാല്‍ മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാനിടയുണ്ട്. ചിലരില്‍ അമിതമായ രക്തസമ്മര്‍ദവും കൊളസ്ട്രോളും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. പ്രമേഹത്തിന്റെ വക്കത്തു നില്‍ക്കുന്നവരെന്ന് ഇവരെ വിശേഷിപ്പിക്കാം. ഇവരില്‍ പലര്‍ക്കും ഒരു രോഗലക്ഷണവുമില്ലെങ്കിലും ഭാവിയില്‍ ഇതുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.


പ്രീ ഡയബറ്റിക് അവസ്ഥ ആര്‍ക്കെല്ലാം?
ശക്തമായ പ്രമേഹപാരമ്പര്യമുള്ളവര്‍, അമിതവണ്ണമുള്ളവര്‍- കുടവയര്‍ ഉള്ളവര്‍, വ്യായാമരഹിതമായ ജീവിതരീതിയുള്ളവര്‍, അമിതമായി കൊഴുപ്പും മധുരവും കഴിക്കുന്നവര്‍, അമിതമായ രക്തസമ്മര്‍ദവും കൊളസ്ട്രോളും ഉള്ളവര്‍, അമിത തൂക്കമുള്ള (മൂന്നര കിലോയിലധികം) കുട്ടിയെ പ്രസവിക്കുന്ന സ്ത്രീകള്‍, ഇരട്ടകളില്‍ ഒരാള്‍ പ്രമേഹരോഗിയെങ്കില്‍, തുടര്‍ച്ചയായ മാനസിക പിരിമുറക്കമുള്ളവര്‍.


ലളിതമായ ചില പരിശോധനകള്‍കൊണ്ട് പ്രീ ഡയബറ്റിക് അവസ്ഥ കണ്ടുപിടിക്കാം. ഫാസ്റ്റിങ് പ്ളാസ്മാ ഗൂക്കോസ് (എഫ്പിജി) പരിശോധന ആഹാരത്തിനു മുന്‍പുള്ള രക്തത്തിലെ ഗൂക്കോസിന്റെ അളവാണു കണ്ടുപിടിക്കുന്നത്. എഫ്പിജി കൌണ്ട് 100 ല്‍ താഴെയാണെങ്കില്‍ നോര്‍മല്‍ അവസ്ഥയാണ്. 100- 125 വരെയുള്ളവരെ പ്രീ ഡയബറ്റിസ് ആയി കണക്കാക്കാം. 126 നു മുകളിലാണു കൌണ്ടെങ്കില്‍ ഡയബറ്റിക് ആണ്.ഇംപെയെര്‍ഡ് ഗൂക്കോസ് ടോളറന്‍സ് (ഐജിടി) പരിശോധനയില്‍ 75 ഗ്രാം ഗൂക്കോസ് കുടിച്ചിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള രക്തത്തിലെ ഗൂക്കോസിന്റെ അളവാണു കണ്ടെത്തുക. ഇതില്‍ ഗൂക്കോസ് അളവ് 140ല്‍ താഴെയാണെങ്കില്‍ നോര്‍മല്‍. 140 നും 199 നും ഇടയിലാണെങ്കില്‍  പ്രീ ഡയബറ്റിസ്. 200 നും മുകളിലാണെങ്കില്‍ പ്രമേഹം തന്നെ.


അറിയാന്‍
മാതാപിതാക്കളും അധ്യാപകരും ശ്രമിച്ചാല്‍ മാറ്റിയെടുക്കാവുന്നതേ യുള്ളൂ ഇൌ അവസ്ഥ. ചെറുപ്പത്തിലേ കുട്ടികളുടെ ജീവിത ശൈലി ക്രമീകരിക്കണം. കുട്ടികളെ കളിക്കാന്‍ വിടണം. പുറത്തിറക്കണം. ടിവി കാണലും കംപ്യൂട്ടര്‍ മണിക്കൂറുകളും കര്‍ശനമായി നിയന്ത്രിക്കണം. ജങ്ക് ഫുഡും കൃത്രിമ ഭക്ഷണവുമെല്ലാം ഒഴിവാക്കണം. ഗുണവും മെച്ചവുമുള്ള ഭക്ഷണം നല്‍കി ശീലിപ്പിക്കണം. അതോടൊപ്പം ആരോഗ്യ ബോധവല്‍ക്കരണം സ്കൂള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ