കോഴിക്കോട്: കണ്ടുകണ്ടിരിക്കുമ്പേള്‍ കുഴഞ്ഞുവീണു മരിച്ചു. ഹാര്‍ട്ട്് അറ്റാക്കായിരുന്നു. മരണവീടുകളില്‍നിന്ന് മിക്കവാറും കേള്‍ക്കുന്ന സംഭാഷണം.
ഹൃദ്രോഗം ഒരു സാംക്രമികരോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയാണ്. 2015 ആവുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സപ്തംബര്‍ 29 ലോക ഹൃദയാരോഗ്യദിനമായി ആചരിക്കുന്നത്.
1960 മുതല്‍ 1995 വരെ നഗരങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ധിച്ച ഹൃദ്രോഗനിരക്കുള്ള സംസ്ഥാനം കേരളമാണ്- 12.7 ശതമാനം. ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍- 7.4 ശതമാനം. ഹൃദ്രോഗസാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു തന്നെ ആരംഭിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവ് കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ക്കും അതുവഴി ഭാവിയില്‍ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്നു കണ്ടുപിടിച്ചിട്ടുണ്ട്.
മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നീ ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവു തെറ്റിയാല്‍ ദുര്‍മേദസ്സും കുടവയറും അനുബന്ധ രോഗങ്ങളും ഉണ്ടാവുന്നു.
ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞുകൂടുകയും ഉള്‍വ്യാപ്തി ചെറുതായി രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ് നെഞ്ചുവേദനയുടെയും ഹാര്‍ട്ട് അറ്റാക്കിന്റെയും തുടക്കം.
എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴയ്ക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്.
പുകവലി നിര്‍ത്തുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘര്‍ഷം ലഘൂകരിക്കുക, മദ്യം വര്‍ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ സഹായിക്കും. ലോക ഹൃദയദിനത്തില്‍ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫൌണ്േടഷന്‍ ആഹ്വാനംചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായം എഴുതൂ