2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍



ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലും നരയും.ഇങ്ങനെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചിലരെ മാനസികമായി തന്നെ തളര്‍ത്തും. ഇവയെ പ്രതിരോധിക്കാന്‍ ഉള്ള ചില നുറുങ്ങുവിദ്യകള്‍




നരയെ  പ്രതിരോധിക്കാന്‍ ചില ആയുര്‍വേദ വിധികള്‍.
കടുക്കത്തോട്, നെല്ലിക്കത്തോട്, ചെമ്പരത്തിപ്പൂവ് ഇവ സമം എടുത്തരച്ച് അഞ്ചിരട്ടി വെളിച്ചെണ്ണയിലിട്ടു കാച്ചി അരമണിക്കൂര്‍ ദിവസവും തലയില്‍ തേച്ചിരിക്കുക. അകാലനരതടയാം. കുന്നിക്കുരു തേങ്ങാപ്പാലിലരച്ച് അര മണിക്കൂര്‍ തേച്ചിരിക്കുക.  ഇരുമ്പുപൊടി, കയ്യോന്നി, തൃഫലത്തോട്, കരിമണ്ണ്, മാങ്ങയണ്ടിപരിപ്പ് ഉണക്കിപ്പൊടിച്ചത് ഇവ കരിമ്പിന്‍ നീരിലിട്ട് ഒരു മാസം കഴിഞ്ഞെടുത്തു തലയില്‍ ദിവസേന അരമണിക്കൂര്‍ തേച്ചിരിക്കുക. മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണയില്‍ കാച്ചി തേച്ചാലും അകാലനരയ്ക്കു മാറ്റം വരും. കറിവേപ്പില, ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ് ഇവ അരിഞ്ഞിട്ട് എണ്ണകാച്ചി തേയ്ക്കുക. നര തടയാം. നീലിഭൃംഗാദി വെളിച്ചെണ്ണ, കഞ്ഞുണ്യാദി വെളിച്ചെണ്ണ, ചെമ്പരത്യാദി വെളിച്ചെണ്ണ, ഭൃംഗാമലകാദി വെളിച്ചെണ്ണ എന്നീ വിശിഷ്ട എണ്ണകള്‍ ദിവസേന തേച്ചു കുളിക്കുന്നത് മുടിക്കു കറുപ്പു നല്‍കും. നരയെ തടയും. തൃഫലത്തോടു ചതച്ചിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു തലമുടി ദിവസവും കഴുകുക. നരയെ തടയും. നെല്ലിക്ക, താമരയല്ലി, ഇരട്ടിമധുരം, മൈലാഞ്ചി ഇവ സമം പാലിലരച്ചു ദിവസവും തലയില്‍ അരമണിക്കൂര്‍ തേച്ചിരിക്കുക. നര ഇല്ലാതാവും.  ഉണങ്ങിയ കയ്യോന്നിയും (കഞ്ഞുണ്ണി) നെല്ലിക്കയും സമം പൊടിച്ചത്, ഇതിനു സമം എള്ളു വറുത്തതും യോജിപ്പിച്ചു ദിവസവും പത്തുഗ്രാം വീതം രണ്ടു നേരം കഴിക്കുക. അകാലനര തടയാം. അമുക്കുരം, എള്ളു വറുത്തത്, ഉണങ്ങിയ കയ്യോന്നി, തൃഫല ഇവ സമം പൊടിച്ചു രണ്ടു ടീസ്പൂണ്‍ വീതം രണ്ടുനേരം കഴിക്കുക. കറുത്തമുടി വളരാന്‍ സഹായിക്കുന്നു. കറിവേപ്പില, ഉലുവ ഇവ അരച്ചുരുട്ടി ദിവസവും രാവിലെ നെല്ലിക്കാവലിപ്പത്തില്‍ കഴിക്കുന്നതും അകാലനരയെ തടയുന്നു.
രാസവസ്തുക്കളുടെ ഉപയോഗം നിത്യജീവിതത്തില്‍ കഴിയുന്നത്ര കുറയ്ക്കുക. പോഷകാഹാരം പതിവാക്കുക. കഴിയുന്നതും മാംസാഹാരം ഒഴിവാക്കി ധാരാളം നാരുകളടങ്ങിയ സസ്യാഹാരം ശീലിക്കുക. ക്ലോറിനടങ്ങിയ വെള്ളത്തില്‍ കുളിക്കുന്നവര്‍ വെള്ളം 15 മിനിറ്റു തിളപ്പിച്ച് ആറിയതിനു ശേഷം തല കഴുകുക.
മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ തടയാനായി പണം മുടക്കുന്നതിന് കയ്യുംകണക്കുമില്ല. പക്ഷേ, വിപണിയിലെ മരുന്നുകളോ ചികിത്സയോ പലപ്പോഴും നിങ്ങളുടെ രക്ഷയ്‌ക്കെത്താറില്ല എന്നതാണ് സത്യം. പണം പോകുന്നത് മാത്രമാണ് മിച്ചം. എന്നാല്‍ വീട്ടിലിരുന്നുതന്നെ നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ തടയാം.
എണ്ണ ചൂടാക്കി തലയില്‍ പുരട്ടുന്ന രീതിയാണ് ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്. വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ഉപയോഗിക്കാം. എണ്ണ അധികം ചൂടാക്കരുത്. ചൂടാക്കിയ എണ്ണ തലയില്‍ തേച്ച് അല്‍പനേരം മസാജ് ചെയ്യുക. ഒരുമണിക്കൂറിന് ശേഷം കുളിക്കുക. വെളുത്തുളളി, സവാള, ഇഞ്ചി എന്നിവയില്‍ ഏതിന്റെയെങ്കിലും നീരെടുക്കുക. ഇത് രാത്രി തലയില്‍ പുരട്ടുക. തുടര്‍ന്ന് മസാജ് ചെയ്യുക. രാവിലെ മാത്രമേ കഴുകി കളയാന്‍ പാടുളളൂ.രണ്ട് സ്പൂണ്‍ ഗ്രീന്‍ ടീ ഒരുകപ്പ് വെളളത്തില്‍ ചെറുതായി ചൂടാക്കുക. തുടര്‍ന്ന് ഇത് തലയില്‍ ഒരുമണിക്കൂറോളം തേച്ച് പിടിപ്പിക്കുക. ദിവസവും നിശ്ചിത സമയം തല മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയും. രക്തയോട്ടം വര്‍ധിക്കുന്നതുമൂലമാണ് മുടികൊഴിച്ചില്‍ ഇല്ലാതാവുന്നത്. മസാജിനിടെ ചെറിയ തോതില്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. പുതിയ കാലത്തിലെ തിരക്കും ടെന്‍ഷനും മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. കൃത്യമായ ധ്യാനത്തിലൂടെ ടെന്‍ഷനും സമ്മര്‍ദവും ഒഴിവാക്കാന്‍ കഴിയും. ഇത് മുടികൊഴിച്ചില്‍ തടയാന്‍ ഉത്തമമാര്‍ഗമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ